Palliative care എന്താണെന്നും , അതിൻ്റെ വിജയം എങ്ങിനെയാണെന്നും , സമൂഹത്തിനേയും , ഭരണാധികാരികളേയും ബോധ്യപ്പെടുത്തി 100 ദിവസം പിന്നിട്ട അനുഗാമി , സ്വാന്തന പരിചരണം , ജനറൽ ആശുപത്രിയുടെ പൊൻതിലകമായിരിക്കുന്നു . എറണാകുളം ജനറല്‍ ആശുപത്രി സാന്ത്വന പരിചരണത്തില്‍ മാതൃകയാകുകയാണ്. പത്ത് വര്‍ഷത്തിലധികം കാലമായി മുറിവുകള്‍ ഉണങ്ങാതെ നരക യാതനകള്‍ അനുഭവിക്കുന്ന രോഗികള്‍ക്ക് വിദഗ്ധ പരിചരണമൊരുക്കി അവരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചു. ജനുവരി 26ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്ത അനുഗാമി ടു ഹില്‍ ടുഗദര്‍ പദ്ധതിയിലൂടെയാണ് ഇവര്‍ക്ക് സാന്ത്വനമായത്. ആത്മാര്‍ത്ഥ സേവനം നടത്തിയ മുഴുവന്‍ ടീം അംഗങ്ങളേയും മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെ നിലാവ് എന്ന പേരിട്ടിരിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ പദ്ധതിയില്‍ ആയിരത്തോളം രോഗികളാണുള്ളത്. അതില്‍ 51 രോഗികള്‍ക്കാണ് പത്തിലധികം വര്‍ഷമായി മുറിവുണങ്ങാതെ കണ്ടെത്തിയത്. അവര്‍ക്ക് ഈ പദ്ധതിയിലൂടെ വിദഗ്ധ ചികിത്സയും സാന്ത്വന പരിചരണവും നല്‍കി. ഇതിലൂടെ 18 രോഗികളുടെ മുറിവ് പൂര്‍ണമായും ഉണങ്ങി. ബെഡ് സോറുകള്‍, അണുബാധയുള്ള സര്‍ജിക്കല്‍ വ്രണങ്ങള്‍, വെരിക്കോസ് വ്രണങ്ങള്‍, ക്യാന്‍സര്‍ വ്രണങ്ങള്‍, തുടങ്ങി വിവിധങ്ങളായ തരത്തിലുള്ള വ്രണങ്ങളാണ് ഉണ്ടായിരുന്നത്. നിരന്തരമായ പരിചരണത്തിലൂടെ ഇവയെ 20% ഉണക്കിയെടുക്കുവാനും ശേഷിക്കുന്ന മുറിവുകളില്‍ 40% എങ്കിലും വലിപ്പം കുറച്ച് കൊണ്ടുവരാനും ആണ് ഉദ്ദേശിച്ചത്. ദിവസേനയുള്ള ഭവന സന്ദര്‍ശനം, ഡ്രസ്സിംഗ് പ്രക്രിയ, ആഴ്ചകള്‍ തോറുമുള്ള രക്ത പരിശോധന, ഷുഗര്‍ പരിശോധന, കള്‍ച്ചര്‍ ആന്റ് സെന്‍സിറ്റിവിറ്റി, സ്‌ക്രീനിങ്, ക്വാര്‍ട്ടറൈസേഷന്‍ സ്‌കിന്‍ ഗ്രാഫ്റ്റിംഗ്, റീ-സൂച്ചറിങ്, പോഷണ കുറവ് നികത്തല്‍, എഫ്എഫ്പി ട്രാന്‍സ്ഫ്യൂഷന്‍ തുടങ്ങിയ വിവിധങ്ങളായ മാര്‍ഗങ്ങളാണ് ഈ പദ്ധതിയില്‍ ഉപയോഗിച്ചത്. .
